
മലപ്പുറത്ത് തെരുവ് നായയുടെ ക്രൂരമായ അക്രമത്തിനിരയായ ആറു വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് പേവിഷബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് റിപ്പോർട്ട്.
പാതയോരത്ത് നിൽക്കുമ്പോഴാണ് സിയയെ തെരുവ് നായ കടിച്ചത്. മറ്റു അഞ്ചു പേർക്കും അന്ന് നായയുടെ കടിയേറ്റിരുന്നു. എല്ലാവരും അന്ന് തന്നെ കുത്തിവയ്പ്പ് എടുത്തിരുന്നു. സിയയെ ക്രൂരമായാണ് തെരുവ് നായ ആക്രമിച്ചത്. സിയയുടെ തലയിലും മേലാസകലവും നായ കടിച്ച് മുറിവേൽപ്പിച്ചിരുന്നു. രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് അന്ന് സിയയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടർന്ന് സിയയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.











